ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പിൻസീറ്റിലുള്ളവർക്കും നാല് വയസ്സുമുതൽ ഹെൽമെറ്റ് നിർബന്ധമെന്ന് ഉത്തരവിട്ടിട്ടും.. മുന്നിലും പിന്നിലുമുള്ള യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും കേരളത്തിന് മാത്രമായി ഇളവനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടും എന്തെ ഇനിയും നടപ്പിലാകുന്നില്ല ഈ ഹെൽമെറ്റ് നിയമം..?
ഓർക്കുന്നുണ്ടോ നാം രണ്ട്, നമുക്ക് രണ്ട് എന്ന തലവാചകം?
കുടുംബാസൂത്രണത്തിന്റെ പരസ്യവാചകമാണെന്നു തെറ്റിദ്ധരിക്കരുത്. 2019 ഡിസംബർ രണ്ടിന് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിലുള്ളവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളപോലീസിന്റെ ഫേസ് ബുക്ക് പേജിൽ നൽകിയ പോസ്റ്റിന്റെ ഹെഡ്ഡിങ് ആയിരുന്നു അത്. ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഒരാൾക്ക് 500 എന്ന കണക്കിന് പിഴ ഈടാക്കുന്ന നിയമം ഡിസംബർ ഒന്ന് മുതൽ നടപ്പിലാക്കിയിരുന്നു.
ആദ്യ ദിനങ്ങളിൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉഷാറായി രംഗത്തിറങ്ങി. ഹെൽമെറ്റിന് പുറമെ സീറ്റ് ബെൽറ്റ് പരിശോധനയും കർശനമാക്കി. നിയമം പാലിച്ചു ഇരു ചക്രവാഹനങ്ങളിൽ എത്തിയവരെ അഭിനന്ദിക്കാനും മറന്നില്ല നമ്മുടെ കേരള പോലീസ്. ഇതിനിടയിൽ ഒരുപിടി ആശങ്കകളും ഉയർന്നിരുന്നു. ലിഫ്റ്റ് കൊടുക്കുന്നതിനെക്കുറിച്ചായിരുന്നു യുവാക്കളുടെ ആശങ്ക. കുടുംബ സമേതമുള്ള യാത്രകൾ അവസാനിക്കുന്നതിന്റെ നിരാശ വീട്ടമ്മമാർക്ക്. ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹങ്ങളുടെ പുറകിലിരുന്നു യാത്ര ചെയ്യുന്നവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയും തടഞ്ഞുനിർത്തി ബോധവൽക്കരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയുമായിരുന്നു ആദ്യ നടപടി. മൂന്നു തവണ ഹെൽമെറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ നിയമ ലംഘകർക്കു പിഴ ചുമത്തുന്നതിനൊപ്പം വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കും.
ഹെൽമെറ്റ് ഇല്ലാതെ പിടിക്കപ്പെട്ടു പദവി കാണിച്ചും പരിചയം പറഞ്ഞും നിയമത്തിന്റെ പിടിയിൽ നിന്ന് തലയൂരാമെന്നു കരുതിയ ജനപ്രതിനിധിക്കെതിരെ ഒരു പോലീസുകാരൻ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തത് വാർത്തയിൽ നിറഞ്ഞ അതെ സമയത്താണ് തമിഴ് നാട്ടിലെ ഒരു തെരുവിലൂടെ ഉടമയുടെ തോളിൽ കയ്യിട്ടു ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചു യാത്ര ചെയ്ത നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായതു.
റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്നും നമ്മുടെ രാജ്യം. വലിയൊരു യുദ്ധത്തിൽ മരണമടയുന്നവരേക്കാൾ എത്രയോ അധികമാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരെ നിയമത്തിന്റെ കർക്കശമായ മേല്‌നോട്ടത്തിനുകീഴിൽ കൊണ്ടുവന്നെങ്കിൽ മാത്രമേ റോഡ് സുരക്ഷാ പദ്ധതികൾ വിജയത്തിലെത്തിക്കാനാകൂ. ഈ മുൻകരുതൽ നടപ്പില്വരുത്തിയാലേ ഹൈക്കോടതിയുടെ ഭാഷ കടമെടുത്താൽ നമ്മുടെ റോഡുകൾ ശവപ്പറമ്പാകാതിരിക്കൂ.
റോഡ് നിയമം കർക്കശമാക്കുമ്പോൾ സർക്കാരിനുമുണ്ട് ഉത്തരവാദിത്തം. റോഡുകൾ സഞ്ചാരയോഗ്യവും കൃത്യമായ ട്രാഫിക് സംവിധാനം ഉറപ്പുവരുത്തുന്നവയും ആകണം. ആയുഷ്‌കാല നികുതി അടച്ചാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നതെന്ന കാര്യം ഗവൺമെന്റും ഓർക്കേണ്ടതുണ്ട്.
ഹെൽമെറ്റ് നിയമം മാത്രമല്ല, വാഹങ്ങൾ ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ ഇനിയുമുണ്ട്. ഡ്രൈവിംഗ് ലൈസെൻസ് എടുക്കണമെങ്കിൽ നിർബന്ധമായും ഈ നിയമങ്ങളെക്കുറിച്ചു അറിഞ്ഞിരിക്കുകയും വേണം. പക്ഷെ, വാഹനം പൊതുനിരത്തിലിറക്കുമ്പോൾ ബോധപൂർവം നാം അത് മറക്കുകയും ചെയ്യുകയാണ് പതിവ്.