തിരുവനന്തപുരം: ഇന്ന് നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ 4,22,450 വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 56,345 വിദ്യാര്‍ത്ഥികളുമാണ് എഴുതുന്നത്. നാളെ നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലുമായി എസ്.എസ്.എല്‍.സിക്ക് 2,945 പരീക്ഷാകേന്ദ്രങ്ങളും ഹയര്‍ സെക്കന്‍ഡറിക്ക് 2,032 കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളുമുണ്ട്.
പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷാഹാളുകള്‍, ഫര്‍ണിച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ കേരള ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായവും ലഭിച്ചു.
ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികള്‍ക്കും 25 ലക്ഷത്തോളം മാസ്‌ക്കുകള്‍ വിതരണം ചെയ്തു. നാഷണല്‍ സര്‍വീസ് സ്‌കീം, സമഗ്ര ശിക്ഷ കേരള എന്നിവ ചേര്‍ന്നാണ് മാസ്‌ക്കുകള്‍ തയ്യാറാക്കിയത്. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ഐ.ആര്‍ തെര്‍മോമീറ്ററുകള്‍ (5000 എണ്ണം), എക്‌സാമിനേഷന്‍ ഗ്ലൗസ് (5 ലക്ഷം ജോഡി) എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേന വിതരണം നടത്തി. ഉപയോഗശേഷം ഗ്ലൗസുകള്‍ ഐ.എം.എയുടെ സഹായത്തോടെ ശാസ്ത്രീയമായി ശേഖരിക്കും.
ലോക്ക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതിന് അവര്‍ ആവശ്യപ്പെട്ട ജില്ലകളിലേക്ക് പരീക്ഷാകേന്ദ്രം മാറ്റിനല്‍കിയിട്ടുണ്ട്. എസ്.എസ്.എല്‍.സിക്ക് 1866, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 8,835, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 219 എന്ന ക്രമത്തില്‍ കുട്ടികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി.