കൊച്ചി: ഐ.പി.എൽ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ കിങ്സ് ഇലവൻ പഞ്ചാബിന് 158 റൺസ് വിജയലക്ഷ്യം നേടി. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 21 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്താണ് സ്റ്റോയ്നിസ് ഡൽഹിയെ തോളേറ്റിയത്. ക്രിസ് ജോർദാൻ എറിഞ്ഞ അവസാന ഓവറിൽ മാത്രം രണ്ടു സിക്സും മൂന്നു ഫോറും സഹിതം സ്റ്റോയ്നിസും സംഘവും അടിച്ചെടുത്തത് 30 റൺസ്. ഒരു വേള 130 കടക്കുമോ എന്നു തോന്നിച്ച ടീമിനെയാണ് സ്റ്റോയ്നിസിന്റെ ഒറ്റയാൾ പ്രകടനം 150 കടത്തിയത്. നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 157 റൺസെടുത്തത്.
ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കയ്യടി നേടിയ പേസ് ബോളർ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് പഞ്ചാബിന് കരുത്തായത്. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ ഷമി, മൂന്നു വിക്കറ്റും പിഴുതു. 2019ൽ മുംബൈ ഇന്ത്യൻസിനെതിരെ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഷമിയുെട മുൻപത്തെ മികച്ച പ്രകടനം.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 13 റൺസെത്തുമ്പോഴേയ്ക്കും ബാറ്റിങ് നിരയിലെ ആദ്യ മൂന്നു പ്രമുഖർ പവലിയനിൽ തിരിച്ചെത്തി. പൃഥ്വി ഷായുമായുള്ള ധാരണപ്പിശകിൽ ശിഖർ ധവാൻ റണ്ണൗട്ടായി മടങ്ങിയതോടെയാണ് ഡൽഹിയുടെ തകർച്ച ആരംഭിച്ചത്.