ഐസറിൽ ശാസ്ത്രപഠനത്തിന് ഇരട്ട ബിരുദ പ്രോഗ്രാം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ പഠനഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ബിഎസ്, ബിഎസ്എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇത്തവണ ഒരു മാസം നേരത്തെയാണ് വിജ്ഞാപനം. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെയാണ് ഐസർ പ്രവേശന നടപടികൾ ആരംഭിച്ചിരുന്നത്.
പ്രവേശന നടപടികൾ, യോഗ്യത, എൻട്രൻസ് പരീക്ഷ എന്നിവയിൽ ഇത്തവണ ചില മാറ്റമുണ്ട്. യോഗ്യതയിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർക്ക് അപേക്ഷിക്കാനാകും.
മെയ് 31നാണ് അഭിരുചി പരീക്ഷ. തിരുവനന്തപുരം, ബെറാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി എന്നിവിടങ്ങളിലാണ് ഐസറുകൾ ഉള്ളത്. ഓരോ ഐസറിലും 150 സീറ്റ് വീതമുണ്ട്.
ഭോപാലിൽ മാത്രമേ ബിഎസ് പ്രോഗ്രാമുള്ളൂ. എൻജിനിയറിങ് സയൻസസ്, ഇക്കണോമിക്‌സ് എന്നിവയിൽ നാലു വർഷത്തെ ബിഎസ് പ്രോഗ്രാമാണ് ഇവിടെയുള്ളത്. മറ്റുള്ളിടത്ത് ബിഎസ്എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമുകളാ (ഡ്യൂൽ ഡിഗ്രി) ണുള്ളത്. ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ് ഡാറ്റ സയൻസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ്, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ് സയൻസസ്, ജിയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിലാണ് കോഴ്‌സുകൾ.
അഞ്ചുവർഷത്തെ കോഴ്‌സിൽ പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസ സ്‌റ്റൈപെൻഡും ലഭിക്കും. കോഴ്‌സിന്റെ ആദ്യ രണ്ടുവർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് പഠനം. മൂന്നും നാലും വർഷം ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് ആഴത്തിലുള്ള പഠനം. അഞ്ചാം വർഷം ഗവേഷണപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് (ഇഡബ്ല്യുഎസ്) ഉൾപ്പെടെ മുഴുവൻ സംവരണ മാനദണ്ഡവും പ്രവേശനത്തിനുണ്ട്.
ഐസറുകളിലേക്ക് മൂന്നു രീതിയിലാണ് പ്രവേശനം. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ എഴുതി പ്രവേശനം നേടുന്നതിനു പുറമെ അഖിലേന്ത്യാ എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെഇഇയിൽ ഐഐടി അഡ്മിഷനുള്ള ജെഇഇ അഡ്വാൻസ്ഡിൽ ആദ്യ 10,000 റാങ്കുകാർക്കും പ്രവേശനത്തിന് അപേക്ഷിക്കാം. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വഴി നടപ്പാക്കുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്‌കോളർഷിപ് നേടിയവർക്കായി ഒരു വിഭാഗം സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *