കൊച്ചി : ഇന്നലെ മാത്രം ബവ്ക്യൂ ആപ്പില് മദ്യത്തിനായി രജിസ്റ്റർ ചെയ്തത് പതിനഞ്ചു ലക്ഷത്തോളം പേരെന്ന് ഫെയർകോഡ് കമ്പനി . ബവ് ക്യു ആപിന്റെ തകരാർ പരിഹരിച്ചു എന്ന് കമ്പനി അറിയിച്ചത് രാത്രി വൈകിയാണ്. ഒടിപി ലഭിക്കുന്നില്ല എന്നായിരുന്നു പ്രധാന പരാതി. ഇത് പരിഹരിച്ചു. നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കിൽ രണ്ട് കമ്പനികളെകൂടി അധികമായി ഒടിപി നൽകാൻ തിരഞ്ഞെടുത്തു. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യുന്നതിനും പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതും പരിഹരിച്ചെന്നാണ് ഫെയർകോഡ് ടെക്നോളജീസ് അവകാശപ്പെടുന്നത്.
ഇപ്പോഴും ആപിന്റെ യൂസർ ഇന്റർ ഫേസിനെ കുറിച്ച് പരാതികൾ ഏറെയുണ്ട്. ഒരു തവണ ഒടിപി ലഭിക്കാതെ ആദ്യ പേജിലേക്ക് തിരിച്ചുപോയാൽ പേരും ഫോൺ നമ്പരും വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്നതും ഫോൺ നമ്പരോ, പിൻകോഡോ തെറ്റായി രേഖപ്പെടുത്തിയാൽ അത് ബുക്ക് ചെയ്യുന്നയാളെ അറിയിക്കാത്തതും ആപിന്റെ റേറ്റിങ് കുറയ്ക്കും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ചുള്ള തീയതിയോ സമയമോ ലഭിക്കില്ല. ബുക്ക് ചെയ്തത് സ്വയം റദ്ദാക്കാനുമാകില്ല. ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള ആപ്ലിക്കേഷൻ മിക്ക വിൽപ്പനകേന്ദ്രങ്ങൾക്കും നൽകാൻ സാധിക്കാഞ്ഞതും പിഴവായി. ഇന്നലെ ടോക്കൺ ലഭിച്ചവരിൽ ചിലർക്ക് സ്റ്റോക്കില്ലെന്ന കാരണത്താൽ മദ്യം കിട്ടിയില്ല. ഇവർക്ക് നാല് ദിവസം കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. നേരത്തെ തലേ ദിവസം ബുക്ക് ചെയ്താൽ അടുത്ത ദിവസം മദ്യം കിട്ടുമെന്നായിരുന്നു അറിയിപ്പെങ്കിൽ ആദ്യ ദിവസങ്ങളിൽ പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകൾക്ക് ടോക്കൺ നൽകുന്ന രീതിയാകും തുടരുക