കോഴിക്കോട്: ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു. വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെയാണ് യാത്ര നിരോധിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും.
കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.