കോഴിക്കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. കരിപ്പുരിലേക്കുള്ള ഫ്‌ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കനത്ത മഴയിൽ റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെറ്റി ഇറങ്ങി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിന്റെ മുൻവശത്തെ വാതിൽ വരെയുള്ള ഭാഗം പിളർന്ന് പോയി. വിമാനതിൽ ഉണ്ടായിരുന്ന എല്ലാവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും സംഭവസ്ഥലത്തു നിന്ന് രക്ഷാ പ്രവർത്തകർ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 10 കുഞ്ഞുങ്ങളും വിമാനത്തിൽ ഉൾപ്പെട്ടുണ്ടെന്നാണ് റിപ്പോർട്ട്. തികച്ചും ദുഖവേള്ളി തന്നെയായിരുന്നു ഇന്ന്. നേരം പുലർന്നത് രാജമല ദുരന്തത്തിലെങ്കിൽ ദിവസം അവസാനിക്കുന്നത് കരിപ്പൂർ ദുരന്തവാർത്ത കേട്ടാണ്.