തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ തുടരന്വേഷണത്തിന് സിബിഐ കോടതി ഉത്തരവിട്ടു. കൂടാതെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ലത നായരെ വിശദമായി ചോദ്യം ചെയ്യാനും ആരോപണ വിധേയരായ മന്ത്രിപുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കാളിത്തം അന്വേഷിക്കാനുംവേണ്ടിയാണ് സിബിഐ കോടതിയുടെ ഉത്തരവ്.
മുഖ്യപ്രതി ലത നായർ ഒക്ടോബർ 20ന് ഹാജരാകണമെന്നും ജഡ്ജി സനിൽകുമാർ അന്ത്യശാസനം നൽകി. സിബിഐയുടെയും പ്രതിയുടെയും നിരുത്തരവാദപരമായ രീതിയെയും അലംഭാവത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞ്, സമഗ്രമായ തുടരന്വേഷണം നടത്താൻ 2020 ജനുവരി ഒന്നിന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അഞ്ച് പ്രാവശ്യം തുറന്ന കോടതിയിൽ കേസ് പരിഗണിച്ചപ്പോഴും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കുകയോ എന്തൊക്കെ അന്വേഷണം നടത്തിയെന്നത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കുകയോ കൂടുതൽ സമയം തേടിയുള്ള എക്സ്റ്റൻഷൻ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല. മുഖ്യപ്രതി ലത നായരും ഈ ദിവസങ്ങളിൽ കോടതിയിൽ ഹാജരായില്ല. കേസിന്റെ വസ്തുത അറിയാവുന്ന നിർണായക സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് സിബിഐയെ തുടരന്വേഷണ ഉത്തരവിൽ കോടതി ശാസിച്ചു. ലത നായരെ മാത്രം വച്ച് വിചാരണ ആരംഭിക്കുന്നത് നമ്പൂതിരി കുടുംബത്തോടുള്ള അനീതിയാകുമെന്നും കോടതി വ്യക്തമാക്കി.
നാലാം തുടരന്വേഷണ റിപ്പോർട്ടിനെതിരെ മരിച്ചയാളുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്ബൂതിരിയും ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറുമാണ് തുടരന്വേഷണ ഹർജിയുമായി കോടതിയെ സമീപിച്ചത്. പീഡനക്കേസുകളിലെ ഇരയായ മൈനർ പെൺകുട്ടികളുടെ കൂട്ടുകാരിയായ ശ്രീകുമാരി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതിൽ പേരു പറയുന്ന പ്രതികളെക്കുറിച്ചും അന്വേഷിക്കാത്തതെന്തെന്നും സിബിഐയോട് കോടതി ചോദിച്ചു.