കോഴിക്കോട്: തിരുനെല്ലി വനമേഖലയിൽ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തേക്ക് പുനരധിവസിപ്പിക്കും. മധ്യപാടി പുനരധിവാസ കോളനിക്കു സമീപത്തായി വനംവകുപ്പ് നിർദേശിച്ച അഞ്ച് ഹെക്ടർ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഗാജഗഡിയിലെ 21 കുടുംബങ്ങളും മല്ലികപാറയിലെ 10 കുടുംബങ്ങളുമാണ് പുനരധിവാസത്തിന് സ്വയം സന്നദ്ധരായിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നതിനുളള അനുമതി ലഭ്യമാക്കാൻ നോർത്ത് വയനാട് ഡിഎഫ്ഒ ഉത്തരമേഖ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാട്ടുനായ്ക്ക വിഭാഗക്കാരും മാറാൻ തയ്യാറായവരുടെ ബന്ധുക്കളുമാണ് നിലവിൽ മധ്യപാടി പുനരധിവാസ കോളനിയിൽ താമസിക്കുന്നത്. സ്വയം സന്നദ്ധ പുനരധിവാസത്തിന് തയ്യാറാവുകയും അനുയോജ്യമായ സ്ഥലം ലഭിച്ചതുമായ സാഹചര്യത്തിൽ പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നരിക്കൽ മിച്ചഭൂമി പ്രശ്നത്തിൽ സർക്കാർതലത്തിൽ പരിഹാരം തേടും. നരിക്കൽ മിച്ചഭൂമിയിൽ 200 ഓളം കുടുംബങ്ങൾക്കാണ് പട്ടയമില്ലാത്തത്. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ റവന്യൂ, സംയോജിത ആദിവാസി വികസനം, വനം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു