കാസര്‍ഗോഡ് കോവിഡ് ആശുപത്രി: നാലാം വിദഗ്ധ സംഘം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും

കാസർഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ഇനി തൃശൂർ മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ഡോ. ഷഫീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരായ ഡോ. അമിത എസ്. അലുംകാര, ഡോ. അരുൺ സുജാത്, ഡോ. മാലിക ഫർസൂം സിദ്ദീഖ്, ഡോ. എലിസബത്ത് ലൗലി, ഡോ. ജ്യോതി ഗീത മോഹൻകുമാർ, ഡോ. ടിസ ജോൺ, ഡോ. ഇവലിൻ റോയി, ഡോ. എസ്. രജിത, ഡോ. ഭവാനി പ്രസാദ്, നഴ്സിംഗ് അസിസ്റ്റന്റുമാരായ പി. കെ. ബീന, സി. എ. ഷിബു, മുഹമ്മദ് നിസാർ, കെ. ആർ. സജീവ്, പി. എം. ഷീജ എന്നിവരാണ് സംഘത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ 26 അംഗ സംഘം കാസർഗോഡ് കോവിഡ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു. ഈ സംഘത്തിന് പകരമായാണ് തൃശൂർ സംഘം എത്തിയത്. ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസർഗോഡ്. 178 കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വലിയ പ്രവർത്തനമാണ് നടന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സർക്കാരിന്റെ നിർദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളിൽ മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കൽ കോളേജിനായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതിൽ ഹെഡ് നഴ്സ്, നഴ്സ്, ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് എന്നീ വിഭാഗക്കാർ ജോലിയിൽ പ്രവേശിച്ചു. കാസർഗോഡ് കോവിഡ് രോഗികൾ കുറവാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇനിയും രോഗബാധിതർ എത്താൻ സാധ്യതയുള്ളതിനാലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. സംഘത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *