കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറക്കും
കാർഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ശൃംഖയലായി പ്രവർത്തനങ്ങൾ നടന്നാലേ കാർഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയിൽനിന്ന് പരാതി വന്നു. മില്ലുടമകൾ ഇക്കാര്യത്തിൽ സഹായകരമായ നിലപാട് സ്വീകരിക്കണം.
സംസ്ഥാനത്തെ കാർഷിക ഉൽപാദന വർധനവിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളുമായി ആശയവിനിമയം നടത്തും. വിക്ടേഴ്‌സ് ചാനലിലൂടെയാണ് അവരോട് സംസാരിക്കുക.
സംസ്ഥാനത്തെ കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗൺ സമയത്ത് ഭക്ഷണം കിട്ടാതെ വലഞ്ഞ അശരണർക്കായി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷണവിതരണ പരിപാടികളിലൂടെ 4,44,573 ഭക്ഷണപ്പൊതികളും 29,030 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരത്ത് മാത്രമായി തുടങ്ങിയ പരിപാടി കേരളമൊട്ടാകെ വ്യാപിപ്പിച്ച് 24 അടുക്കളകളിലൂടെയാണ് ഭക്ഷണം വിതരണം ചെയ്തത്. സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, ഏതാനും സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് ‘ഒരു വയറൂട്ടാം’ എന്ന ഈ പദ്ധതി നടപ്പാക്കിയത്.
ലോക്ഡൗൺ കാലത്ത് ആശുപത്രിയിൽ രക്തം ലഭിക്കുന്നത് ഉറപ്പാക്കാൻ ‘ജീവധാര’ എന്ന പേരിൽ ഒരു പദ്ധതിക്ക് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് രൂപം നൽകി. ഇതുവഴി മൂന്നു ലക്ഷം പേരാണ് കേരളത്തിൽ രക്തദാനം ചെയ്യാൻ സന്നദ്ധരായിട്ടുള്ളത്. ഇത് പത്തു ലക്ഷമാക്കുകയാണ് ലക്ഷ്യം. കേഡറ്റുമാരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് രക്തദാനം ചെയ്യാൻ മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നതായും ശാരീരിക അകലം പാലിക്കാത്ത ഇടപെടലുകൾ ഉണ്ടാകുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണ്ടെയ്ൻമെന്റ് സോണുകളിലെ ലോക്ക്ഡൗൺ ലംഘനം കർശനമായി തന്നെ നേരിടും.
നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യം പ്രാദേശികമായി ഉയർന്നിട്ടുണ്ട്. കർണാടകയിൽനിന്നും ഊട്ടിയിൽനിന്നും മലപ്പുറത്തേക്ക് എത്താൻ ഇപ്പോൾ 150 കിലോമീറ്റർ ചുറ്റണം എന്നാണ് പരാതി. ഇക്കാര്യത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.