കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിലെ മുഖ്യ പ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് ഇന്ന് കുറ്റപത്രം നൽകുന്നത്. ഡോഗ് കിൽ വിഷം ആട്ടിൻസൂപ്പിൽ കലർത്തിയാണത്രേ അന്നമ്മയുടെ കൊല നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. 2012 ഓഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻറെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തിൽ പറയുന്നത്. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികൾ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസിൽ ജോളി മാത്രമാണ് പ്രതിയായിട്ടുളളത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക.