ന്യൂഡൽഹി: തിരുവനന്തപുരം സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ രണ്ടുദിവസത്തിനകം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ചോദ്യംചെയ്യുമെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എൻ.ഐ.എ. മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അറിയാൻ വേണ്ടിയാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്.
അതേസമയം കേസിൽ ജലീലിന്റെ പേര് ചേർക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സ്വപ്നാ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണസംഘം യു.എ.ഇ. സന്ദർശിക്കുമെന്നും എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.