ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. സാമൂഹികാഘാതപഠനം സര്‍ക്കാരിന് തുടരാമെന്നും പദ്ധതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് സ്വകാര്യ ഭൂമിയില്‍ സര്‍ക്കാര്‍ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഒരു കൂട്ടം പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്.ബൃഹത്തായ പദ്ധതിക്കായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു.പദ്ധതിയുടെ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. തുടക്കത്തില്‍ തന്നെ സര്‍വേ തടഞ്ഞ് വിധി പ്രസ്താവിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പിന്നീട് സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയുമാണ് ചെയ്തത്.