തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഏറ്റവും അധികം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ച ദിവസമാണെന്നും സ്ഥിതി ആശങ്കാജനകമെന്നും കൂടുതൽ ജാഗ്രത വേണമെന്നും 4351 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനായില്ല. 71 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവന്തപുരത്ത് ഇന്ന് 820 രോഗികളുണ്ട്. ആറ് ജില്ലകളിൽ 300ന് മുകളിലാണ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45730 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണം. പ്ലസ് വൺ പ്രവേശം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്താവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ചുപോകുന്നതുവരെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പത്തനംതിട്ടയിൽ ഓണത്തിന് ശേഷം കോവിഡ് വർധിച്ചു.