കൊറോണ: പ്രതിരോധിക്കാം

കൊറോണ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ പൊതുസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവയിൽ പരമാവധി 50 ആളുകൾ മാത്രമേ ഒന്നിച്ചു കൂടാവുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയന്ത്രണം ലംഘിച്ച് കൂടുതൽ ആളുകൾ ഒന്നിച്ചു കൂടുന്നത് ശ്രദ്ധയിൽ പെട്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രദേശത്തെ പോലീസ് സർക്കിൾ ഇൻസ്പക്ടറെ ചുമതലപ്പെടുത്തി. തുടർന്നും നിർദ്ദേശങ്ങൾ ലംഘിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് പൂട്ടി സീൽ വെയ്ക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മാർക്ക് നിർദ്ദേശം നൽകി.
എല്ലാ പൊതുസ്ഥലങ്ങളിലും ശുചിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പു വരുത്തണം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആരാധാനാലയങ്ങൾ, ബസ് സ്റ്റാന്റുകൾ, റയിൽവെ സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വം ബന്ധപ്പെട്ട സ്ഥാപനമേധാവികളും ഉടമകളും ഉറപ്പു വരുത്തണം.
ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിനിന്റെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളിലും ഓഫീസ് മേധാവികൾ ജീവനക്കാർക്കും ഓഫീസ് സന്ദർശിക്കുന്ന പൊതുജനങ്ങൾക്കും ശുദ്ധജലം ഉപയോഗിച്ച് കൈകഴുകുന്നതിന് ഹാന്റ് വാഷ് ലിക്വിഡും സാനിറ്ററൈസറും സജ്ജമാക്കണം. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *