ന്യൂഡല്ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒൻപതാം സ്ഥാനത്ത്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ജർമനിയാണ്
1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാൾ ഇരട്ടി വരുമിത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. മരണസംഖ്യയിൽ പക്ഷേ, ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. രാജ്യത്ത് ഇതുവരെ മരണം 4711 ആയി. ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം 4638 ആണ്.
ചൈനയിൽ രോഗം നിയന്ത്രണവിധേയമാണ് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു മാസം, മുൻപത്തേതിനെ അപേക്ഷിച്ച്, വളരെക്കുറവ് രോഗികൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ അമേരിക്ക തന്നെയാണ്. 17 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീൽ, റഷ്യ, യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവയാണ് ഇന്ത്യയേക്കാൾ രോഗികളുള്ള രാജ്യങ്ങൾ. രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ പതിനാലാമതാണ് ചൈന. ഇറാനും, പെറുവിനും കാനഡയ്ക്കും താഴെ. മരണസംഖ്യയിലും ഒന്നാമത് അമേരിക്ക തന്നെ. രണ്ടാമത് യുകെയും. പിന്നാലെ ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ബ്രസീൽ, ബെൽജിയം, മെക്സിക്കോ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളാണുള്ളത്. ഈ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണുള്ളത്. കാനഡയും നെതർലൻഡ്സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളിൽ.