റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് നഴ്‌സ് അടക്കം മൂന്നു മലയാളികൾ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സും ഇടുക്കി സ്വദേശിയും ചികിത്സയിലായിരുന്ന കാസർകോഡ് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 17 ആയി.
റിയാദിലെ ഓൾഡ് സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (55) ആണ് കുബേരയിലെ താമസസ്ഥലത്ത് നിര്യാതയായത്. സൗദിയിൽ ആദ്യമായാണ് മലയാളി ആരോഗ്യ പ്രവർത്തക കൊവിഡ് ബാധിച്ച് മരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കൊവിഡ് പോസിറ്റീവാണെന്ന് പരിശോധന ഫലം വന്നത്. തോമസ് മാത്യു ആണ് ഭർത്താവ്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.
കമ്പനി ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി താന്നിമൂട് കല്ല മണ്ണിൽപുരയിടത്തിൽ സാബുകുമാറാണ്( 52) ബൈഷിൽ മരിച്ചത്. എൻ എസ് എച്ചിന്റെ ബൈഷിലെ ജിസാൻ എക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനായിരുന്നു. രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം താമസിച്ചിരുന്ന ക്യാമ്പിൽ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകരം സാബുകുമാർ അടമുള്ളവർ ക്യാമ്പിൽ തന്നെ പ്രത്യേക മുറിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. രക്തസമ്മർദ്ദവും പ്രമേഹരോഗവും മൂലം പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്ന സാബു കുമാർ ചെറിയ തോതിൽ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു.
മൃതദേഹപരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കഴിഞ്ഞ പന്ത്രണ്ട് വർഷമായി എൻഎസ്എച്ചിൽ ജോലിചെയ്യുന്ന സാബുകുമാർ മൂന്നുവർഷം മുമ്പാണ് ബൈഷ് പ്രോജക്ടിൽ ജോലിക്കെത്തിയത്. ഇടുക്കി താന്നിമൂട് കല്ല മണ്ണിൽപുരയിടത്തിൽ ഗോവിന്ദന്റെയും ഭവാനിയുടെയും മകനാണ് സാബുകുമാർ. വൽസലയാണ് ഭാര്യ. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന മക്കളുണ്ട്.
കാസർഗോഡ് കുമ്പള സ്വദേശി മൊയ്തീൻ കുട്ടി അരിക്കാടിയാണ് കിഴക്കൻ സൗദിയിൽ മരണപ്പെട്ടത്. 59 വയസ്സായിരുന്ന ഇദ്ദേഹം കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം. ഇരുപത്തിയഞ്ച് വർഷമായി സഊദിയിലുളള മൊയ്തീൻ കുട്ടി ദമാം അൽഖോബാറിൽ റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്.