ജൊഹന്നാസ്ബര്‍ഗ്: ലോകത്താകമാനം കോവിഡ് 19 വൈറസ് ബാധ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആഫ്രിക്കയിലും രോഗ വ്യാപനം അതിശക്തമായിരിക്കുന്നു. അമേരിക്കയോടും ബ്രസീലിനോടുമൊപ്പം എത്തിയിരിക്കുകയാണ് നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭയപ്പെടുത്തും വിധം കൊവിഡ് കുതിച്ചുയരുന്നത്. ആഫ്രിക്ക കൊവിഡിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടാകുമോയെന്ന ഭീതി ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ സംവിധാനങ്ങള്‍ അത്ര കണ്ട് കാര്യക്ഷമമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം നിയന്ത്രണാതീതമായാല്‍ സ്ഥിതി ഭയാനകമായിരിക്കും.
ആഫ്രിക്കയിലെ ആകെ രോഗികളില്‍ പകുതിയിലേറെയും ദക്ഷിണാഫ്രിക്കയിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13497 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 264184 ആയി ഉയര്‍ന്നിരിക്കുകയാണ്. നിലിവല്‍ ഇവിടെ ആകെ 3971 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആകെ രോഗികളില്‍ മൂന്നിലൊന്നും ഗോതെംഗ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ജൊഹാനസ്ബര്‍ഗിലും പ്രിട്ടോറിയയിലുമാണ്. രാജ്യത്ത് കൊവിഡിന്റെ വലിയ കുതിപ്പാണ് വരാന്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി സ്വെലി എംഖൈസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.