മലപ്പുറം : കോവിഡ് ആശങ്കകൾക്കിടെ ജിദ്ദയിൽ നിന്ന് 155 പ്രവാസികൾ നാട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നേ കാലിനാണ് പ്രത്യേകം ഏർപ്പെടുത്തിയ എ.ഐ – 960 എയർ ഇന്ത്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മുഴുവൻ യാത്രക്കാരേയും എയ്റോ ബ്രിഡ്ജിൽവച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് വിധേയരാക്കി. മുഴുവൻ യാത്രക്കാർക്കും കോവിഡ് – കോറന്റൈൻ ബോധവത്ക്കരണ ക്ലാസ് നൽകിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടർന്ന് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധന എന്നിവയ്ക്കു ശേഷമാണ് യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.