ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. അതായത് കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലമാണ് സുരക്ഷിതമെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മനുഷ്യരിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്സിൻ സ്വീകരിച്ച ആരിലും വിപരീത പ്രവർത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് റോത്തക്ക് പിജിഐയിലെ പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിത വെർമ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെയും പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ തയാറാക്കിയത്. രാജ്യത്തെ 12 കേന്ദ്രങ്ങളിലായി 375 പേരിലാണ് ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തിയത്. ഓരോരുത്തർക്കും രണ്ടു ഡോസ് വാക്സിൻ നൽകിയെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമാണെന്നും ക്ലിനിക്കൽ ട്രയൽ നടത്തുന്നവർ അറിയിച്ചു.