കോവിഡ് 19: സഹായവുമായി ഓടിയെത്താൻ 50 കനിവ് 108 ആംബുലൻസുകൾ

                             കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ 50 കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതിന് പുറമെ സർക്കാർ ആംബുലൻസുകളുമുണ്ട്. ഐ.എം.എ.യുടെ സഹായവുമുണ്ടാകും. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലൻസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയും ഐസോലേഷൻ വാർഡുകളിലും ഹോം ഐസൊലേഷനിലും മാറ്റുന്നതിനാണ് വിവിധ ജില്ലകളിൽ 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂർ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂർ 3, കാസർഗോഡ് 2 എന്നിങ്ങനെയാണ് ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലും 108 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്.
ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേൽനോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലൻസുകളുടെ പ്രവർത്തനം. ഓരോ ട്രിപ്പിന് ശേഷവും ആംബുലൻസുകൾ അണുവിമുക്തമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജീവനക്കാർക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകൾ, പുറം വസ്ത്രം ഉൾപ്പെടുന്ന പി.പി.ഇ. കിറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസുകളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കനിവ് 108 ആംബുലൻസ് കൺട്രോൾ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കൺട്രോൾ റൂമിലേക്ക് വിളിക്കുന്നയാൾ നൽകുന്ന വിവരങ്ങളിൽ കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഉള്ളതായി തോന്നുകയാണെങ്കിൽ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കും. തുടർന്ന് ഈ വിവരം കോവിഡ് 19 പ്രവർത്തനങ്ങൾക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലൻസുകൾക്ക് നൽകും. ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലൻസുകൾ എത്തും. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 108 ആംബുലൻസുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *