ക്ഷീരസാന്ത്വനം: സമഗ്ര ക്ഷീരകർഷക ഇൻഷൂറൻസ് പദ്ധതി

ക്ഷീരകർഷകർക്ക് സമഗ്ര ഇൻഷൂറൻസ് പദ്ധതിയുമായി ക്ഷീരവികസന വകുപ്പ്. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകരുടേയും, കുടുംബത്തിന്റേയും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ക്ഷീരസാന്ത്വനം എന്ന പേരിൽ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നത്. കേരള ക്ഷീര കർഷക ക്ഷേമനിധി, മേഖല സഹകരണ ക്ഷീരോല്പാദന സഹകരണ സംഘങ്ങൾ എന്നിവരുടെ സംയുക്ത സംരംഭമായിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, കറവ മാടുകൾക്കും, സംഘം ജീവനക്കാർക്കും പദ്ധതിയിൽ ഇൻഷൂർ ചെയ്യാം. ആരോഗ്യ സുരക്ഷ പോളിസി, അപകട സുരക്ഷ പോളിസി, ലൈഫ് ഇൻഷൂറൻസ് പോളിസി, ഗോ സുരക്ഷ പോളിസി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാകുക.
ഒൺലൈനായാണ് പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ട്ത്. പോളിസിയിൽ ചേരുന്നത് മുതൽ ക്ലെയിം തീർപ്പാക്കൽ വരെ ഓൺലൈൻ വഴിയാണ് നടപ്പിലാക്കുക. കന്നുകാലി പരിരക്ഷയ്ക്ക് ഒരു കർഷകന് 500 രൂപ ധനസഹായം ലഭിക്കും. മറ്റ് ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ ഗുണഭോക്തൃ വിഹിതം കൂടാതെ ധനസഹായവും ലഭിക്കും. ആദ്യം ചേരുന്ന 25000 കർഷകർക്ക് മുൻഗണനയുണ്ടാകും.
പതിനെട്ട് മുതൽ എൺപതു വയസ്സുവരെയുള്ള കർഷകർക്ക് ആരോഗ്യ ഇൻഷൂറൻസ് നൽകും. അപകടമരണത്തിന് ഏഴ് ലക്ഷം രൂപവരെ പരമാവധി ഇൻഷൂറൻസ് പരിരക്ഷയും ഉണ്ട്. കർഷകർക്ക് അവരുടെ മാതാപിതാക്കളേയും ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയും. ഇതിന് ഉയർന്ന പ്രായപരിധിയില്ല. ആരോഗ്യ സുരക്ഷപദ്ധതിയിൽ നിലവിലുള്ള എല്ലാ രോഗങ്ങളുടേയും തുടർ ചികിത്സയും ലഭ്യമാകും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌പെഷാലിറ്റി ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സ കവറേജിനുള്ളിൽ നൽകും. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ഇൻഷൂറൻസ് തിരിച്ചറിയൽ കാർഡും വിതരണം ചെയ്യും.
നിലവിൽ തുടരുന്ന പദ്ധതിയിൽ അംഗങ്ങളായവർക്ക് 2020 മാർച്ച് 19 മുതൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനും പുതുതായി പദ്ധതിയിൽ ചേരുന്നവർക്കും അപേക്ഷകൾ ക്ഷീര സഹകരണ സംഘം/ ക്ഷീര വികസന ആഫീസ് മുഖേന http://ksheerasanthwanam.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *