ഈ നിയമത്തിന്റെ പൂർണ്ണമായ പേര് ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം എന്നാണ് 2005 ലെ ഈ ആക്ടിന്റെ ചട്ടങ്ങൾ 2006 ൽ ആണ് നിലവിൽ വന്നത്.
മറ്റ് സ്ത്രീ സംരംക്ഷണ നിയമങ്ങൾപോലെതന്നെ സ്ത്രീകളെ പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് ഗാർഹിക പീഡന സംരംക്ഷണ നിയമം. ഇന്ത്യയിൽ എല്ലായിടവും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുന്നു. ഈ നിയമപ്രകാരം ആർക്കെതിരെയാണോ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത് ആ വ്യക്തിയുമായി ഗാർഹിക ബന്ധമുള്ള സ്ത്രീയായിരിക്കും പീഡിപ്പിക്കപ്പെട്ട വ്യക്തി. ഗാർഹിക ബന്ധമെന്നാൽ വിവാഹത്താലോ രക്തബന്ധത്താലോ ദത്തെടുക്കലിലൂടെയോ ബന്ധപ്പെട്ട് ഒന്നിച്ച് താമസിക്കുന്ന അല്ലെങ്കിൽ താമസിച്ചിരുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം എന്നാണ്.
ആത്മാഭിമാനത്തെ ഹനിപ്പിക്കുന്നതരത്തിൽ പരിഹസിക്കുക, ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിലുളള പരിഹാസം, കുറ്റപ്പടുത്തൽ, സ്വഭാവത്തെക്കുറിച്ച് ആക്ഷേപിച്ച് സംസാരിക്കുക, സ്ത്രീധനത്തിന്റെ പേരിലുള്ള ആക്ഷേപം, ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കൽ, ഇഷ്ടമുള്ള വ്യകതിയെ വിവാഹംകഴിക്കാൻ സമ്മതിക്കാതിരിക്കുകയും ഇഷ്ടമില്ലാത്ത വ്യക്തിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക ഇതെല്ലാം വാക്കാലുള്ള ഉപദ്രവങ്ങളിൽപ്പെടും.
ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാൻ എതിർകക്ഷി ബാധ്യസ്ഥനായിരുന്നിട്ടും അപ്രകാരം ചെയ്യാതിരിക്കൽ, ഭാര്യയ്ക്കും കുട്ടകൾക്കും ഭക്ഷണവും വസ്ത്രവും നൽകാതിരിക്കൽ, തൊഴിൽചെയ്യുന്നതിന് ഭാര്യയെ അനുവദിക്കാതിരിക്കൽ, ഭാര്യയുടെ ശമ്പളം അനുവാദമില്ലാതെ കൈക്കലാക്കൽ, താമസിക്കുന്ന വീട്ടിൽനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുക, ഭാര്യയുടെ സമ്മതമില്ലാതെ സ്ത്രീധനവും മറ്റും വിൽക്കുകയോ പണയംവെക്കുകയോ ചെയ്യുക, ഇതെല്ലാം സാമ്പത്തിക പീഡനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ഉപദ്രവിക്കുമ്പോൾ പീഡനമായി അനുഭവപ്പെടുന്ന ഏതൊരു സ്ത്രീക്കും ഈ നിയമത്തിൽ വിശദീകരിക്കുന്ന പരിഹാരം ആവശ്യപ്പെട്ട് അവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള ജുഡീഷ്യൽ ഫസ്റ്റ്്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു അഭിഭാഷകൻ മുഖേന നിർദ്ദിഷ്ടഫോമിൽ കേസ് ഫയൽ ചെയ്യാം. മുമ്പ് ഈ വക പരാതികൾ സർക്കാർ നിയമിച്ചിട്ടുള്ള പ്രൊട്ടക്ഷൻ ഓഫീസർ മുമ്പാകെ ഫയൽ ചെയ്ത് ആ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സന്നിഹിതമായിരുന്നു. കോടതിയിൽ ഫയൽ ചെ്തിരുന്നത്. എന്നാൽ ഇപ്പോൾ നേരിട്ട്തന്നെ കോടതിയിൽ അഭിഭാഷകൻ മുഖേന പരാതി ഫയൽ ചെയ്ത് വരുന്നതായി കണ്ടുവരുന്നു. സർക്കാരിനാൽ അംഗകരിക്കപ്പെട്ട സന്നദ്ധ സംഘടനകളെയും ഈ വിഷയത്തിൽ സഹായത്തിന് സമീപിക്കാമെന്ന് നിയമത്തിൽ സൂചനയുണ്ട്. കേസിന്റെ സ്വഭാവം ഫയൽ ചെയ്യപ്പെടുമ്പോൾ സിവിൽ ആണെങ്കിലും വിധിക്ക് ശേഷം പരിഹാരം എതിർ കക്ഷിയാൽ നിറവേറ്റപ്പെടാതെ വരുന്ന പക്ഷം ക്രിമിനൽ വിഭാഗമായി മാറുകയും വിധി അനുസരിക്കാതിരുന്നാൽ തടവ് ശിക്ഷവരെ അനുഭവിക്കേണ്ടതായും വരും.
ദാമ്പത്യബന്ധപൊരുത്തക്കേടുകൾ സംബന്ധമായ നല്ല ശതമാനം കേസുകളിലും ഇണയെ തോൽപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് കണ്ടുവരുന്നത്. നിയമം ദുരുപയോഗം ചെയ്ത് എങ്ങിനെ എതിർഭാഗത്തെ തോൽ്പ്പിക്കാം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മനസ്സിൽ. മനുഷ്യരുടെ സ്വഭാവ വിശേഷങ്ങൾ കണക്കിലെടുത്താണ് കോടതിയിൽത്തന്നെ കൗൺസിലിംഗും രമ്യതയിലെത്തിച്ച് കേസ് തീർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലീഗൽ സർവീസ് ആക്ട് പ്രകാരമുള്ള അദാലത്തുകളും സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ വിട്ടുവീഴ്ച ചെയ്ത് കാര്യങ്ങൾ പറഞ്ഞ്തീർക്കുക എന്ന ആഗ്രഹം മനസ്സിൽ ഇല്ലായെങ്കിൽ കൗൺസിലിംഗുകളും ആദാലത്തുകളും ഫലപ്രദമാവാറില്ലല്ലോ.