ചക്കയ്ക്ക് പ്രിയമേറുന്ന ലോക് ഡൗണ്‍കാലം

ചക്കക്കുരു പുഴുങ്ങി തൊലി കളഞ്ഞ് പഞ്ചസാരയും തണുപ്പിച്ച് കട്ടയാക്കിയ പാലും ഉപയോഗിച്ചുള്ള ചക്കക്കുരു ഷേക്ക്, നല്ല മധുരമുള്ള പഴുത്ത ചക്ക മിക്സിയില്‍ അടിച്ചെടുത്ത് നെയ്യും പഞ്ചസാരയും ചേര്‍ത്ത് വരട്ടിയെക്കുന്ന ചക്ക ജാം, പഴുത്ത ചക്കയില്‍ ചക്ക ഹല്‍വയും ചക്ക ഷേക്കും ചക്ക പായസവും കൂടാതെ ചക്ക ചില്ലി, ചക്ക ജ്യൂസ്, ചക്ക പൊരിച്ചത്, ചമിണി ഉപ്പേരി, ചക്ക ചമ്മന്തി അങ്ങനെ ലോക് ഡൗണ്‍ കാലം ചക്ക കൊണ്ടുള്ള ഉത്സവമാക്കുകയാണ് കണ്ണൂരുകാര്‍. ചക്ക കൊണ്ട് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല അലങ്കാര വസ്തുക്കളും എന്തിന് ചക്ക മടലുപയോഗിച്ച് ചെരുപ്പ് ഉണ്ടാക്കിയവര്‍ വരെയുണ്ട് നമ്മുടെ കണ്ണൂരില്‍. നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല നഗര പ്രദേശങ്ങളിലും ചക്കകൊണ്ടുള്ള പരീക്ഷണങ്ങള്‍ തകൃതിയാണ്.

ചക്കക്കാലം അവസാനിക്കാറായിട്ടും ചക്കയിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം വരെ അധികമാരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. യുവാക്കളാണ് ചക്കയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. വിജയിച്ച വിഭവങ്ങള്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും പാചകക്കൂട്ടുകളും അഭിപ്രായങ്ങള്‍ പരസ്പരം പങ്കുംവച്ചും ലോക് ഡൗണ്‍ കാലം ചക്ക മഹോത്സവമായി ആഘോഷിക്കുകയാണ് . പോഷക ഗുണമുള്ള ചക്ക മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമാണെന്നതിനാല്‍ തന്നെ ഇവരുടെ പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണയാണ് വീടുകളില്‍ നിന്നും ലഭിക്കുന്നത്.

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടഞ്ഞിരിക്കുന്നതിനാലും ആളുകള്‍ക്ക് വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്നതിനാലുമാണ് ഇത്തരം പരീക്ഷണങ്ങള്‍ വര്‍ധിക്കുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും കഴിക്കുന്ന പ്രിയപ്പെട്ട ആഹാരങ്ങള്‍ ചക്കയില്‍ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കണ്ണൂരുകാര്‍. ഇതില്‍ ചിക്കനിലും മട്ടണിലും ബീഫിലും മാത്രമല്ല കോളിഫ്ളവര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളിലും ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചക്കയിലുണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ അണിയറകളില്‍ സജീവമാണ്. കീശ കാലിയാക്കാതെയുള്ള വിഭവങ്ങളായതിനാല്‍ ലോക് ഡൗണ്‍ അവസാനിച്ചാലും ചക്കയിലുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തില്ലെന്ന നിലപാടിലാണ് ഒരു കൂട്ടം കണ്ണൂരുകാര്‍

Leave a Reply

Your email address will not be published. Required fields are marked *