ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും തിയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നുമാണ് നിലവിൽ മാധ്യമങ്ങളോട് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാകും. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവുവന്നത്. വിജയൻപിള്ളയുടെ മരണത്തോടെ ചവറയിലും ഉപതിരഞ്ഞടുപ്പ് ആവശ്യമായി വന്നു. കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുമ്‌ബോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നവംബർ 29ന് മുൻപായി നടക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *