തിരുവനന്തപുരം: മനുഷ്യനീതി പരിഗണിക്കാതെ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കൊണ്ടോട്ടി സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊണ്ടോട്ടി സ്വദേശി എൻ സി മുഹമ്മദ് ശരീഫ് – ഷഹ്ല തസ്നി ദമ്ബതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. വിവിധ ആശുപത്രികൾ ചികിത്സ നിഷേധിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഷഹ്ലയ്ക്ക് കോവിഡ് പോസീറ്റീവ് ആയിരുന്നുവെങ്കിലും ഭേദമായിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട്ടെ വിവിധ ആശുപത്രിയിലും എത്തിച്ചെങ്കിലും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് മടക്കി അയച്ചു. അവസാനം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ട് കുട്ടികളും മരിക്കുകയും ചെയ്തു.