ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുരിലെ പെഡ്ഡാപൽ- പിടിയ വനമേഖലയിൽ ഇന്ന് പുലർച്ചെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സലിനെ വധിച്ചു. നക്‌സലിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുത്തതായി ബസ്തർ ഐ.ജി പി. സുന്ദർ രാജ് അറിയിച്ചു. ഡിസ്ട്രിക് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്), കമാൻഡോ ബറ്റാലിയൻ ഓഫ് റിസൊലൂട്ട് ആക്ഷൻ (കോബ്ര), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബിജാപുരിലും ദന്തേവാഡയിലും ഇടത് ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ നാല് ഏറ്റുമുട്ടലുകളാണ് മേഖലയിൽ നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.