ജാഗ്രതക്കുറവുണ്ടായാൽ സമൂഹവ്യാപനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജാഗ്രതക്കുറവുണ്ടായാൽ സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന കൂടുതൽ പ്രവാസികളിൽ രോഗലക്ഷണം കാണിക്കുന്നുണ്ട്.

രണ്ടാംഘട്ടത്തെക്കാൾ കൂടുതൽ രോഗികൾ സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ജാഗ്രതയിൽ വീഴ്ചയുണ്ടായാൽ വലിയ വിപത്തിനെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രി നൽകുന്നു.

അതേസമയം നാട്ടിലേക്ക് തിരികെയെത്തുന്ന കൂടുതൽ പ്രവാസികൾക്ക് രോഗലക്ഷണം പ്രകടമാകുന്നുണ്ട്. സലാലയിൽ നിന്നും കുവൈത്തിൽ നിന്നുമായി എത്തിയ ആറു പേർക്ക് കൂടി കോവിഡ് ലക്ഷണമുണ്ട്?. ഇന്നലെ രാത്രി സലാലയിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേർക്ക് കോവിഡ് ലക്ഷണം കാണിച്ചതിനെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദുബൈ-കൊച്ചി വിമാനത്തിൽ വന്ന രണ്ട് പേരെയും കളമശ്ശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നുള്ള രാജധാനി എക്‌സ്പ്രസിൽ വന്ന ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *