പ്രശസ്തമായ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയി (ജെഎൻയു)ൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ജെഎൻയുഇഇ) നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മെയ് 11 മുതൽ 14 വരെ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്ക് മാർച്ച് 31ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മൂന്നുമണിക്കൂറായിരിക്കും പരീക്ഷ. ആദ്യ സെഷൻ രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം സെഷൻ ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമായിരിക്കും.
കേരളത്തിലെ ഏഴ് നഗരത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ്) ഉൾപ്പെടെ മുഴുവൻ സംവരണ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവേശനം. രാജ്യത്തെ മികച്ച അക്കാദമിക് സ്ഥാപനങ്ങളിലൊന്നാണ് ജെഎൻയു.
ബിഎ, എംഎ , ബിഎസ്‌സി, എംഎസ്‌സി, എംഎസ്‌സി ഇന്റഗ്രേറ്റഡ്, എംസിഎ, പിജിഡിഇ, എം ടെക്, എംഫിൽ, പിഎച്ച്ഡി എന്നിവയിൽ നിരവധി കോഴ്‌സുകളുണ്ട്. കൂടാതെ, പാർട്ട് ടൈം കോഴ്‌സുകളും ഉണ്ട്. ഇതിനൊപ്പംതന്നെ 54 സർവകലാശാലകളിലെ ബയോടെക്‌നോളജി മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിനായുള്ള കംമ്പൈൻഡ് എൻട്രൻസ് എക്‌സാമിനേഷൻ ഇൻ ബയോടെക്‌നോളജി (സീബ് ) പരീക്ഷയ്ക്കും അപേക്ഷിക്കാം. ജെഎൻയുവിന് പുറമെ വിവിധ സർവകലാശാലകളിലെ എംഎസ്‌സി ബയോടെക്‌നോളജി, എംഎസ്‌സി അഗ്രിക്കൾച്ചറൽ ബയോടെക്‌നോളജി, എം ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലെ പ്രവേശനമാണ് ഇതുവഴി നടത്തുന്നത്. ജെഎൻയു പ്രവേശനം എൻടിഎ സ്‌കോർ ആണെങ്കിലും എംഎഫിൽ, പിഎച്ച്ഡി കോഴ്‌സുകൾക്ക് വൈവയും ഉണ്ടാകും. 70 ശതമാനം എൻടിഎ സ്‌കോറും 30 ശതമാനം വൈവ മാർക്കുമാണ് പ്രവേശന റാങ്കിന് പരിഗണിക്കുക.
എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ https://ntajnu.nic.in, jnuexams.nta..nic.in എന്നീ വെബ്—സൈറ്റുകളിലൂടെ മാത്രമാണ്. വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദാംശങ്ങളുമുണ്ട്. വെബ്‌സൈറ്റുകൾ www,nta.ac.in
ഒരു കോഴ്‌സിന് ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കരുത്
അപേക്ഷിക്കാനാഗ്രഹിക്കുന്ന കോഴ്‌സുകളുടെ യോഗ്യത അറിഞ്ഞിരിക്കണം. ഒരേ കോഴ്‌സിന് ഒന്നിൽകൂടുതൽ അപേക്ഷ സമർപ്പിച്ചാൽ മുഴുവൻ അപേക്ഷയും റദ്ദാകും. ബിഎ ഓണേഴ്‌സ് പ്രോഗ്രാമിന് 2020 ഒക്ടോബർ ഒന്നിന് 17 വയസ്സ് തികഞ്ഞിരിക്കണം. മറ്റ് കോഴ്‌സുകൾക്ക് പ്രായപരിധിയില്ല. അപേക്ഷാർത്ഥിിയുടെ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഏപ്രിൽ 7 മുതൽ 15 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരം നൽകും. ഏപ്രിൽ 30 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.