അസഹ്യമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍/ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയണം. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടി കളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുകയും ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷംവീണ്ടും നിറയ്ക്കുകയും ചെയ്യണം.
മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക, വാഴപ്പോളകളിലും, പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, എലി, അണ്ണാന്‍ മുതലായവ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക, റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക, അടയ്ക്കാ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക, ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക, ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുന്നതും കൊതുകുകളുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും. ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുകയോ കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ (ഒഡോമോസ്, പുല്‍ത്തൈലം) ദേഹത്ത് പുരട്ടുകയോ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുന്നതും അഭികാമ്യമാണ്.