തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് ഓഫീസിൽ തീപിടിത്തം. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഏതാനും ഫയലുകൾ കത്തിനശിച്ചു. എന്നാൽ ആൾ നാശം ഇല്ല. ഇന്ന് ഓഫീസിൽ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.
അഗ്നിശമന സേനയും ജീവനക്കാരും ചേർന്നു തീയണച്ചു. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. റൂം ബുക്കിംഗിന്റെ ഫയലുകളാണ് കത്തിയത്. എന്നാൽ അവ പൂർണമായും കത്തിനശിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. അതേസമയം സുപ്രധാന ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ തീപിടിത്തമുണ്ടായതിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.