കോഴിക്കോട്: നാടിനെ നടുക്കി കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി രണ്ടായി പിളർന്നു. അപകടത്തിൽ അമ്മയും കുഞ്ഞുമടക്കം 16 പേർ മരിച്ചു. രണ്ട് പേർ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും കോഴിക്കോട് മെഡി. കോളജിലെത്തിച്ച അമ്മയും കുഞ്ഞുമടക്കമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഥേയുടെ മരണം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
സഹപൈലറ്റ് അഖിലേഷിന് ഗുരുതരപരുക്കാണ് ഉള്ളത്. അതേസമയം വിമാനാപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നടന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ദാരുണമായ അപകടം വളരെ വിഷമകരമായതാണെന്നെന്നും സംഭവസ്ഥലത്ത് എത്രയും വേഗം എത്തിച്ചേരാനും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാനും എൻഡിആർഎഫിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ കൊണ്ട് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തിൽ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിർന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 4.45 നു ദുബായിൽ നിന്ന് പുറപ്പെട്ട വിമാനമാണ് 7:45 ഓടുകൂടി കരിപ്പൂർ എത്തിയത്.
വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സ്വീകരിച്ച നടപടികളും കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര രക്ഷാ നടപടികൾക്ക് പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
നാടിനെ നടുക്കിയ മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ അപകടമാണ് ഇവിടെ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നതാണ് ആശ്വാസം. അതുകൊണ്ട് തന്നെ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലും. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പരുക്കേറ്റവരുടെ വിവരങ്ങൾ അറിയാനുള്ള നമ്പറുകൾ ഇവയാണ്.
കോഴിക്കോട് കൺട്രോൾ റൂം – 04952376901. എയർപോർട്ട് കൺട്രോൾ റൂം -04832719493. ബി എം ഹോസ്പിറ്റ്ൽ പുളിക്കൽ – 8113989888.റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി – 9745966633. മിംസ് കോഴിക്കോട് അത്യാഹിത വിഭാഗം – 04953091007, ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട് – 0495 277 77 77.