തൃശ്ശൂർ: അരഞ്ഞാണം മോഷ്ടിച്ചത് പിടികൂടിയതിൻറെ വൈരാഗ്യത്തിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ഒല്ലൂർ സ്വദേശി ഷൈലജയ്ക്കാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2016 ലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ഓക്ടോബർ 13 ന് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ ബന്ധുകൂടിയായ ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിൻറെ മാതാപിതാക്കളോടുള്ള വ്യക്തി വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചത്. അരഞ്ഞാണം മോഷ്ടിച്ചത് പിടിച്ചതിൻറെ വിരോധമാണ് ഷൈലജയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പച്ചതെന്ന് പൊലീസ് പറഞ്ഞു. മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുരുക്കിലാക്കിയത്. ജില്ലാ കോടതിയിലെ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്. കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ആസ്‌ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്.