തിരുവനന്തപുരം: മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും.
റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും. കോവിഡിനോട് പൊരുതുന്ന മുംബൈ നഗരത്തിൽ പേമാരികൂടിയെത്തുന്നത് ആശങ്കപരത്തുന്നുണ്ട്. പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർഗയുടെ നിലവിലെ സ്ഥാനം. നിസർഗ ഇന്ന് വൈകീട്ട് വടക്കൻ മഹാരാഷ്ട്രയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബൈയിൽ അതി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ തീരത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ.
അറബിക്കടലിലെ തീവ്രന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. അടുത്ത 5 ദിവസവും ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെൻറീമീറ്റർവരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
എറണാകുളം ഭൂതത്താൻകെട്ട് അണക്കെട്ടിലെ 5 ഷട്ടറുകളും മലങ്കര ഡാമിലെ 3 ഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നു. ഇടുക്കിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഹൈറേഞ്ചിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.