പഠിക്കാനുള്ള കുട്ടികളുടെ അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമെന്ന് ഹൈകോടതി

കൊച്ചി: പഠിക്കാനുള്ള കുട്ടികളുടെ അവകാശം മനുഷ്യാവകാശത്തിന്റെ കൂടി ഭാഗമെന്ന് ഹൈകോടതി. എൽ.പി സ്‌കൂൾ വേണമെന്ന മൂന്നര പതിറ്റാണ്ടത്തെ ആവശ്യം മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയിൽ യാഥാർഥ്യമാക്കാൻ നിർദേശിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. എലമ്പ്രയിൽ എൽ.പി സ്‌കൂൾ തുടങ്ങാനുള്ള അനുമതി മൂന്നു മാസത്തിനകം സർക്കാർ നൽകണമെന്നും മഞ്ചേരി നഗരസഭ കെട്ടിടങ്ങൾ നിർമിച്ചു നൽകണമെന്നും പ്രദേശവാസിയായ ടി.മുഹമ്മദ് ഫൈസിയുടെ പൊതു താൽപര്യ ഹർജി തീർപ്പാക്കി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതേസമയം പിന്നാക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന എലമ്പ്രയിൽ എൽ.പി സ്‌കൂൾ വേണമെന്ന ആവശ്യം 35 വർഷമായി ഉന്നയിക്കുന്നതാണെന്നും മൂന്നര കിലോമീറ്റർ ചുറ്റളവിൽ മറ്റ് സ്‌കൂളുകൾ ഇല്ലെന്നുകാട്ടി പ്രദേശവാസികൾ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പറഞ്ഞാണ് ഹർജി നൽകിയത്.
സ്‌കൂൾ നിർമാണത്തിന് 1985ൽ നാട്ടുകാർ സ്ഥലം വാങ്ങിയിരുന്നു. ഒരേക്കർ സ്ഥലത്ത് കെട്ടിടം നിർമിച്ചുനൽകാമെന്ന് നഗരസഭയും ഉറപ്പുനൽകിയെങ്കിലും സർക്കാർ അനുമതി ലഭിച്ചില്ല. പിന്നീട് മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും സ്‌കൂൾ തുടങ്ങാൻ ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സ്‌കൂൾ അനുവദിക്കുന്നത് സർക്കാറിന്റെ നയതീരുമാനമാണെന്നും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഇത്തരത്തിൽ നിർദേശിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം നിരസിച്ച കോടതി സ്‌കൂൾ തുടങ്ങാൻ അനുമതി നൽകാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *