കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിലായി. ബദരിയ്യ നഗറിൽ വാടക വീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പെൺകുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് അൻപതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.