തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നൽകിയ കത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം ഈ മാർച്ച് മാസം അവസാനിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാർച്ച് മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തികരിക്കുവാൻ സാധിക്കില്ലെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.
2019 – 20 വർഷത്തെ പദ്ധതി വിഹിതം പൂർത്തികരിക്കുന്നതിന് 6 മാസത്തെ സമയം ദീർഘിപ്പിച്ചു നൽകണം. അനുവദിച്ചതിന്റെ പകുതി തുക മാത്രമാണ് ഭൂരിഭാഗം പഞ്ചായത്തുകളും ചെലവഴിച്ചിട്ടുള്ളു. ചെലവഴിക്കാത്ത തുക അടുത്ത വർഷം അനുവദിക്കുന്നതിൽ നിന്നും കുറവ് ചെയ്യും. ഇത് പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ബാധിക്കുന്ന കാര്യം ആയതിനാൽ സാമ്പത്തിക വർഷം അനുവദിച്ച തുക നഷ്ടപ്പെടാതെ സ്പിൽ ഓവർ ആക്കുകയോ പദ്ധതി പൂർത്തികരിക്കുവാൻ കൂടുതൽ സമയം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എം.എൽ.എ കത്ത് നൽകി.