ബംഗളൂരു: ലോക്ഡൗൺ ബോറടിമാറാൻ വാങ്ങിക്കൂട്ടിയ മദ്യത്തിന്റെ ബില്ല് വാട്‌സ് ആപ്പിൽ പങ്കുവച്ച് വാങ്ങിയയാളും മദ്യശാലയും കുടുങ്ങി. ചില്ലറ വിൽപ്പനശാലകളിൽ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലിറ്ററിൽ കൂടുതൽ വിദേശ മദ്യമോ 18 ലിറ്ററിൽ കൂടുതൽ ബിയറോ വിൽക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്. ലോക്ഡൗൺകാലത്ത് കുടിച്ചുതീർത്ത മദ്യത്തിന്റെ ബില്ല് വാട്‌സ് ആപ്പിൽ പങ്കുവച്ചതാണ് പുലിവാലായത്. ബില്ല് സോഷ്യൽ മീഡിയയിൽ വൈറലായതോടെ 13.5 ലിറ്റർ വിദേശ മദ്യവും 35 ലിറ്റർ ബിയറും വിറ്റതായി തെളിഞ്ഞു. ഇതനുസരിച്ച് കർണാടക കെ്‌സൈസ് വകുപ്പാണ് പരിധിയിൽകവിഞ്ഞ് മദ്യം വിൽപ്പന് നടത്തിയതിന് മദ്യശാലയ്ക്കും വാങ്ങിയ ആൾക്കുമെതിരെ കേസെടുത്തത്. എന്നാൽ ഒറ്റ ബില്ലാണെങ്കിലും എട്ടുപേർ ചേർന്നാണ് മദ്യം വാങ്ങിയതെന്നാണ് മദ്യശാല ഉടമ പറയുന്നത്. ബാങ്കിന്റെ ഒറ്റക്കാർഡിലൂടെ വിൽപ്പന നടത്തിയതുകൊണ്ടാണ് ഒറ്റ ബിൽ നൽകേണ്ടി വന്നതെന്നാണ് വിശദീകരണമെന്നും ഇതിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമാകും നടപടി സ്വീകരിക്കുകയെന്നും എക്‌സൈസ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.