നല്ല നാടൻ കുത്തരിച്ചോറിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടിത്തിരുമ്മി ഉച്ചയൂണുകഴിച്ചിരുന്ന കാരണവന്മാർ ഇന്നും കാണും നമുക്കിടയിൽ, പുതുതലമുറയേക്കാൾ ആരോഗ്യവാന്മാരായി.
മലയാളിയുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ച് കൂടാനാകാത്ത വെളിച്ചെണ്ണയ്ക്ക് ഇന്ന് അപരന്മാർ ഏറെയാണ്. ഇന്ത്യയിൽ നാളികേരത്തിന്റെ ലഭ്യത തന്നെ കുറഞ്ഞു വരുന്നതാണ് ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കുന്നതിന് പ്രയാസമായിരിക്കുന്നത്. മായം കലർന്നതും നിലവാരമില്ലാത്തതുമായ വെളിച്ചെണ്ണയുടെ ഉൽപ്പാദനവും വിൽപ്പനയും തടയുന്നതിനായി ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഊർജ്ജിതമായ നടപടികളാണ് സ്വീകരിച്ചരിക്കുന്നത്. പല പേരിൽ, പല വിലയിലാണ് അപരന്മാർ വിപണി കയ്യടക്കിയിരിക്കുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ പല ബ്രാൻഡുകളിലായാണ് വിപണിയിലെത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് ലൈസൻസ് എടുക്കുന്നവർക്ക് ഒരു ബ്രാൻഡിൽ മാത്രമെ വിപണം നടത്താനാകു. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനും കർശന നിയമങ്ങളും നിലവിലുണ്ട്. മാർക്കറ്റിലെ വിരലിലെണ്ണാവുന്ന ബ്രാൻഡുകൾക്ക് മാത്രമാണ് നിലവിൽ രജിസ്ട്രേഷനുള്ളത്. ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വിപണനവും വിതരണവും വ്യാപകമായതോടെ ബ്രാൻഡ് പേര്, ലേബൽ, ലൈസൻസ് നമ്പർ തുടങ്ങിയവ സഹിതം മാർച്ച് 15ന് മുമ്പായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ബ്രാൻഡുകൾ നിരോധിക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനുമാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിർദ്ദേശം.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജില്ലയിൽ ഒരേ ലൈസൻസിയും തങ്ങളുടെ ഉല്പ്പന്നം പല പേരുകളിലാണ് വിതരണം നടത്തുന്നത്. മേഖലകൾക്കനുസരിച്ച് ബ്രാൻഡ് പേര് മാറ്റി പായ്ക്ക് ചെയ്യുകയാണ്. വെളിച്ചെണ്ണയുടെ പേര് പലതാകുന്നത് മാർക്കറ്റിൽ ഡിമാന്റ് വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വ്യാപാരികളടക്കം പറയുന്നത്. ജില്ലയിൽ വിതരണം ചെയ്യുന്ന ബ്രാൻഡുകൾ ഭക്ഷ്യ സുരക്ഷാ ജില്ലാ അസിസ്റ്റന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമവും പലരും പാലിക്കുന്നില്ല. പല വിലയ്ക്കാണ് വെളിച്ചെണ്ണ മാർക്കറ്റിൽ വിൽക്കുന്നത്. 180 മുതൽ 260 വരെയാണ് നിലവിലെ വില .നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടായ കുറവും വെളിച്ചെണ്ണയ്ക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതും വില വർധനവിനു കാരണമായിട്ടുണ്ട്. ചെറുകിട മില്ലുകളിൽ വില്പന നടത്തുന്ന വിലയേക്കാൾ 60 രൂപ വരെ കൂട്ടിയാണ് പ്രമുഖ കമ്പനികൾ വില്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നു വിപണിയിലെത്തിക്കുന്ന നാളികേരത്തിന്റെ വരവ് കുറഞ്ഞതും വില ഉയരുന്നതിനു കാരണമായി. ഇടനിലക്കാരുടെ അനാവശ്യ ഇടപെടലാണ് വില വർധനവിനു പിന്നിലെന്നും ആക്ഷേപമുണ്ട്. വെളിച്ചെണ്ണ വില ഉയർന്നതോടെ പാം ഓയിലിനും ഡിമാൻഡ് വർധിച്ചു.
നാളികേരത്തിന്റെ ചില്ലറ വില കിലോയ്ക്ക് 50 മുതൽ 55 വരെയാണ്.
മാവേലി സ്റ്റോറുകളിലും സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിലും വെളിച്ചെണ്ണയ്ക്ക് ക്ഷാമമാണ്. ശബരി ബ്രാൻഡിലുള്ള വെളിച്ചെണ്ണയാണ് ഇവിടങ്ങളിൽ വിതരണത്തിനെത്തുന്നത്. 500 ഗ്രാമിന്റെ പായ്ക്ക് 45 രൂപ സബ്സിഡി നിരക്കിലാണ് കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത്. ഡിമാൻഡ് വർദ്ധിച്ചതോടെ പലയിടങ്ങളിലും സ്റ്റോക്ക് എത്തുന്ന ദിവസം തന്നെ വിറ്റുതീരുന്നു.
കൃഷിയിടങ്ങൾ വികസനത്തിന് വഴി മാറിയതോടെ നാളികേരത്തിന്റെ ആഭ്യന്തര ഉത്പാദനം കേരളത്തിൽ ഗണ്യമായി കുറഞ്ഞു. തമിഴ്‌നാട് പോലുള്ള അന്യസംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന നാളികേരത്തിന്റെ ഉത്പാദനം കുറയുകയും വില വർധിക്കുകയും ചെയ്തു. ഉയർന്ന വില കൊടുത്തും ശുദ്ധമായ വെളിച്ചെണ്ണ വാങ്ങാനുള്ള വൈമുഖ്യം പല മലയാളികളും കാണിച്ചപ്പോൾ വില കുറച്ചു വിൽക്കാവുന്ന മായം ചേർത്ത വെളിച്ചെണ്ണ വ്യാപകമാകാനിടയായി. സാധാരണ ലാബ് ടെസ്റ്റുകൾക്ക് പോലും കണ്ടെത്താനാകാത്ത വിധം വെളിച്ചെണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകളിൽ മായം ചേർക്കുന്ന രീതിയാണ് ഇന്ന് പ്രചാരത്തിൽ ഉള്ളത്. എന്നാൽ നല്ല നാടൻ വെളിച്ചെണ്ണ ഉപയോഗിച്ച് പരിചയിച്ചവർക്ക് ഒരു ലാബ് ടെസ്റ്റും നടത്താതെ തിരിച്ചറിയാൻ ആകും ഇവൻ വ്യാജനാണെന്ന്.
നുറുക്കി പൊടിച്ച നല്ലയിനം കൊപ്ര ആവി കൊടുത്തു ചൂടാക്കിയതിനു ശേഷം എക്‌സ്‌പെല്ലറുകൾ ഉപയോഗിച്ച് ആട്ടി എടുത്ത് കട്ടിയുള്ള പരുത്തി തുണി കൊണ്ട് നിർമിച്ച അരിപ്പകളിലൂടെ കടത്തി വിട്ടു ശുദ്ധീകരിച്ചാണ് പരമ്പരാഗതമായി നാടൻ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. നല്ല ഉണങ്ങിയ കൊപ്രയിൽ നിന്നും ശരാശരി 58 -60% വെളിച്ചെണ്ണയും ബാക്കി തേങ്ങാ പിണ്ണാക്കുമാണ് ലഭിക്കുക.
വെളിച്ചെണ്ണ വില കുറച്ചു വിൽക്കുന്ന പല നിർമാതാക്കളും പ്രയോഗിക്കുന്ന ഒരു രീതി, വെളിച്ചെണ്ണയോടൊപ്പം വളരെ വില കുറഞ്ഞ പാം ഓയിൽ കെർണൽ ചേർത്ത് കൊണ്ടാണ്. വെളിച്ചെണ്ണയുടെയും പാം ഓയിലിന്റെയും ഘടനയ്ക്ക് നിരവധി സാമ്യങ്ങൾ ഉള്ളത് കൊണ്ട് ഇത്തരത്തിലുള്ള മായം പൊതുവെ ഉപഭോക്താക്കൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. പ്രത്യേകിച്ച് നല്ല നാടൻ വെളിച്ചെണ്ണ കഴിച്ചു ശീലമില്ലാത്ത പുതു തലമുറക്ക്. ഇത്തരത്തിൽ മായം ചേർത്ത വെളിച്ചെണ്ണ തിരിച്ചറിയാൻ പ്രത്യേക ലാബ് ടെസ്റ്റ് കൊണ്ട് കഴിയും. ഇതിനായി വെളിച്ചെണ്ണയിലെ അയഡിൻ അനുപാതം പരിശോധിച്ചാൽ മതി.
കൊപ്രയുടെ ഗുണമേന്മ അനുസരിച്ചുള്ള വൈവിധ്യങ്ങൾ കണക്കിലെടുത്താൽ തന്നെ വെളിച്ചെണ്ണയുടെ അയഡിൻ വാല്യൂ 6.3 % ത്തിനും 10.6 % ത്തിനും ഇടക്ക് ആയിരിക്കും. എന്നാൽ പാം കെർണൽ ചേർത്ത വെളിച്ചെണ്ണയിൽ അയഡിൻ വാല്യൂ 25 വരെ കാണിക്കും.
തേങ്ങാ കാമ്പിന്റെയും ചിരട്ടയുടെയും ഇടയിൽ വരുന്ന ഇരുണ്ട തവിട്ടു നിറത്തിലുള്ള പുറം തോടിൽ നിന്നും എടുക്കുന്ന പാറിങ് ഓയിൽ വില കുറഞ്ഞ പാം ഓയിൽ കെർണൽ, കുറച്ചു വെളിച്ചെണ്ണ എന്നിവ കലർത്തി വില്കുന്നതാണ് മറ്റൊരു മായം കലർത്തുന്ന രീതി. തേങ്ങാ പൊടി ഡ്രൈ ആക്കി വിൽക്കുന്ന നിർമാതാക്കളിൽ നിന്നും ശേഖരിക്കുന്ന പാറിങ് എന്ന തേങ്ങയുടെ കറുത്ത തോടിനു കൊപ്രയെക്കാൾ 65 % കുറഞ്ഞ വില കൊടുത്താൽ മതി. തേങ്ങയുടെ ഈ കറുത്ത തോടിന് എണ്ണയുടെ പല ജനിതക ഗുണങ്ങളുമുണ്ട് എന്നതിനാൽ നവീനമായ സാങ്കേതിക ഉപയോഗിച്ച് പാറിങ് ഓയിൽ ശുദ്ധീകരിച്ചതിനു ശേഷം പല നിർമാതാക്കളും വെളിച്ചെണ്ണയും പാം കെർണൽ ഓയിലും ചേർത്ത് ചേർത്ത് വിൽക്കുന്നുണ്ട്.
വെളിച്ചെണ്ണയുടെ ലാബ് ടെസ്റ്റുകളിൽ പ്രധാനമായും ശ്രദ്ധിക്കുന്ന ഫ്രീ ഫാറ്റി ആസിഡ് എഎഅ സൂചിക മറി കടക്കാൻ ഇത്തരം റിഫൈൻഡ് വെളിച്ചെണ്ണയ്ക്ക് കഴിയും. ഗുണ നിലവാരം കുറഞ്ഞ കൊപ്രയിലെ പൂപ്പലുകളും അഴുക്കുകളും പെട്രോളിയം സോൾവെന്റുകൾ ഉപയോഗിച്ച് ബ്ലീച് ചെയ്തു വില്പനക്ക് വരുന്ന ഇത്തരം വെളിച്ചെണ്ണക്ക് കുറഞ്ഞ രുചിയേ ലഭിക്കുകയുള്ളു. ഇത്തരം വെളിച്ചെണ്ണയിൽ അയഡിൻ വാല്യൂ 20 വരെ ആകും.
വെളിച്ചെണ്ണ, വിലകുറഞ്ഞ മറ്റ് എണ്ണകൾ കുറച്ചെടുത്ത് ഒരു കുപ്പിയിൽ അടച്ച് റഫ്രിജെറേറ്ററിൽ വെക്കുമ്പോൾ ഉറഞ്ഞു കട്ടി ആകുന്നില്ലെങ്കിൽ മായം ഉണ്ട് എന്നാണ് അർത്ഥമാക്കുന്നത്. കുറെയൊക്കെ മലിനീകരണ വസ്തുക്കളെ നമ്മുടെ ശരീരത്തിന്റെ സ്വയം രക്ഷാസംവിധാനം നിർവീര്യമാക്കും. പക്ഷെ തുടർച്ചയായി ഇതേ രാസവസ്തുക്കൾ ശരീരത്തിൽ എത്തിയാൽ ഇവയെയെല്ലാം പുറംതള്ളാൻ ശരീരത്തിനാവില്ല. അപ്പോഴാണ് അത് ആരോഗ്യപ്രശ്‌നമായി മാറുന്നത്. പുത്തൻ രുചികളും പരിഷ്‌കൃത പാചകങ്ങളും, സൗകര്യ പാക്കേജുകളും കഴിവതും ഒഴിവാക്കി നമ്മളുടെ ശരീരം പരിചയിച്ചു വന്ന തനതു പാചക രീതികളാണ് മെറ്റബോളിക് ഷോക് ഉണ്ടാകാതിരിക്കാൻ നല്ലത്. തിരഞ്ഞെടുക്കാനും തീരുമാനിക്കാനും ഉള്ള അവകാശം നമ്മളുടേതാണ്.
ഭക്ഷ്യ സുരക്ഷ നിയമവും ശിക്ഷയും
ഭക്ഷ്യ സുരക്ഷാ വകുപ്പ് 2013-14 കാലഘട്ടത്തിൽ ദില്ലിയിലും യൂ.പി.യിലും നടത്തിയ ഒരു സർവെയുടെ ഫലം കാണിക്കുന്നത് മായം ചേർക്കൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തോതിൽ വ്യാപകമായിട്ടുണ്ട് എന്നാണ്. പാലും പാലുൽപ്പന്നങ്ങളും മധുരപലഹാരങ്ങളും ഭക്ഷ്യ എണ്ണകളും സുഗന്ധവ്യഞ്ജനങ്ങളും അടക്കം, 48300ഓളം ഇനം ഭക്ഷണ വസ്തുക്കൾ പരിശോധിച്ചതിൽ 21-22% മായം കലർന്നവയോ, നിരോധിക്കപ്പെട്ട വിഷവസ്തുക്കൾ ചേരുവയായി ഉള്ളവയോ ആയിരുന്നു. ഇതിൽ വൻകിട മധുരപലഹാര നിർമാതാക്കളുടേയും, കെ.എഫ്.സി. പോലുള്ള അന്തർദേശീയ ബ്രാൻഡുകളുട്യും ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. കേസുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവരുടെ അവകാശവാദം അതിലെ പല ചേരുവകളും അന്തർദേശീയ നിർമാതാക്കളിൽ നിന്നും വാങ്ങിയതാണ് എന്നും അതിന്റെ ഉത്തരവാദിത്തം ആ കമ്പനികൾക്കാണ് എന്നുമാണ്.
മാഗി നൂഡിൽസിന്റെ കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിലെ ചേരുവകളിൽനിന്നും നിർമാണ പ്രക്രിയയിൽ എം.എസ്.ജി. കലർന്നതാണെന്നും, ലെഡ് ടേസ്റ്റ് മേക്കെറിൽ നിന്നാണെന്നും അവർ വാദിച്ചു. കോടതിപോലും ആ വാദം അംഗീകരിച്ചു. ആ രണ്ടു മാലിന്യങ്ങളും ഭക്ഷണ സാധനങ്ങളിൽ പാടില്ല എന്ന് ഭക്ഷ്യസുരക്ഷാ നിയമത്തിൽ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. ഇവിടെയുള്ള ഭക്ഷ്യസുരക്ഷാനിയമം പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളതുപോലെതന്നെ ശക്തമാണ്. പക്ഷേ അടിസ്ഥാന തലങ്ങളിൽ ഇതു ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ, സാങ്കേതികത്വത്തിൽ പിടിച്ചു രക്ഷപെടുന്നു. പുത്തൻ സാങ്കേതികവിദ്യകൾ മായം ചേർക്കുന്നതിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. അതിനാൽ ഇതൊക്കെ കണ്ടുപിടിക്കാനും നല്ല ഉന്നത സാങ്കേതികതയുള്ള ഉപകരണങ്ങളും ലാബുകളും സാങ്കേതിക വിദഗ്ദ്ധരും ആവശ്യമാണ്.
പാലിൽ വെള്ളം ചേർക്കുന്നത് മനസ്സിലാകാതിരിക്കുവാൻ മെലാമിൻ, യൂറിയ എന്നീ രാസവസ്തുക്കൾ ചേർത്ത് അതിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്നതിനെ തടയാൻ സാധിക്കും എന്നറിവുള്ള മായം ചേർക്കൽ വിദഗ്ദ്ധരും, എണ്ണ, അലക്കുപൊടി, യൂറിയ ഇവ ചേർത്ത്, യഥാർഥ പാലിനെ വെല്ലുന്ന കൃത്രിമ പാലുണ്ടാക്കുന്ന മായാജാലക്കാരും ഒക്കെ വാഴുന്ന നാടാണ് നമ്മുടേത്.
2011ലെ മായംചേർക്കൽ നിരോധന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2011 ആണ് ഇപ്പോൾ മായം ചേർക്കലിനെപ്പറ്റിയുള്ള വിശദീകരണവും ചട്ടങ്ങളും എല്ലാം പ്രതിപാദിക്കുന്നത്. ഇതു പ്രകാരം, നിലവാരമില്ലാത്തതോ, ചീത്തയായതോ, കേടുള്ളതോ, കീടബാധയുള്ളതോ ആയ ധാന്യങ്ങൾ, പയറുവർഗങ്ങൾ ധാന്യപൊടികൾ ഇവ നല്ലതിന്റെകൂടെ കലർത്തുന്നത്, ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്്തുക്കൾ കലർത്തുന്നത്, ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്തിട്ടു ആ ഉത്പ്പന്നം വിൽക്കുന്നത്, നിറമോ മണമോ രുചിയോ കൃത്രിമമായി വർദ്ധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്, ശുചിത്വം പാലിക്കാതുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം, ലേബലിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്യുന്നത്, ഭക്ഷണ ഉത്പ്പന്നങ്ങളിൽ കീടനാശിനികൾ കലർത്തുന്നത് ഇതെല്ലാം തന്നെ മായം ചേർക്കൽ ആണ്. ഓരോന്നിനും ഉള്ള ശിക്ഷയും ഈ നിയമത്തിൽ പറയുന്നുണ്ട്. പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ നൽകാവുന്നതാണ്.