പെട്ടിമുടി ദുരന്തം: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽപെട്ട് കാണാതയവർക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ ദിവസങ്ങൾ ഇത്ര പിന്നിടുമ്പോഴും ഇന്നും രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവൽബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി ഉർന്നിരിക്കുന്നു.

നിലവിൽ കണ്ണൻദേവൻ കമ്പനിയുടെ കണക്കുകൾ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഇന്ന് ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ പ്രവർത്തകരെ സഹായിച്ചത്. ടൈഗർ, റോസി എന്നീ നായ്ക്കളാണ് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കൾ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്. ഇന്ന് പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയർഫോഴ്‌സ്, പോലീസ്, ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.

ഉരുൾപൊട്ടിലിൽ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്ത് പുഴയിലെ തെരച്ചിൽ നാളെ മുതൽ സൂക്ഷ്മമാക്കും. പുഴയോരത്ത് നിന്ന് കൂടുതൽ മൃതദേഹം കിട്ടിയതിന്റെ പശ്ചാത്തലിത്തിലാണ് പുഴയോരം കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് പ്രാധാന്യം നൽകുന്നത്. തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനായി ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തെരച്ചിൽ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *