പ്രണയനൈരാശ്യം; കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു

കോയമ്പത്തൂര്‍: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ പേരൂര്‍ എം.ആര്‍. ഗാര്‍ഡന്‍ സ്വദേശി എം. ശക്തിവേലിന്റെ മകള്‍ എസ്. ഐശ്വര്യ (18) ആണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവിനെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. എം.ആര്‍. ഗാര്‍ഡനില്‍ തന്നെ മെക്കാനിക്കായി ജോലിചെയ്യുന്ന സി. രതീഷ്(20) എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

കത്തിക്കുത്തില്‍ ശക്തിവേലിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെയും പിതാവിനെയും ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ ഐശ്വര്യ മരിച്ചു.
ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ഐശ്വര്യയും രതീഷും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരുടെയും പ്രണയത്തെക്കുറിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഐശ്വര്യയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇതിനു പിന്നാലെ രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാര്‍ ഐശ്വര്യയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തോളമായി പെണ്‍കുട്ടി രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ലോക്ക്ഡൗണ്‍ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനായില്ല. പലതവണ ഫോണില്‍ വിളിച്ചെങ്കിലും പെണ്‍കുട്ടി ഫോണ്‍ എടുക്കുകയും ചെയ്തില്ല. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി 8.30 ഓടെ രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തിയത്. തുടര്‍ന്ന് ഐശ്വര്യയോട് സംസാരിക്കണമെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. പിതാവിനൊപ്പമാണ് പെണ്‍കുട്ടി രതീഷിന്റെ അടുത്തേക്ക് പോയത്.

ഇരുവരും എത്തിയതിന് പിന്നാലെ രതീഷ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവിനും കൈകളില്‍ കുത്തേറ്റു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടി വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *