പ്രതിരോധത്തിന് കരുത്തേകി വാര്‍ഡ്തല സമിതികള്‍

കോട്ടയം: കൊറോണ പ്രതിരോധിക്കുന്നതിനുള്ള ഹോം ക്വാറന്റയിന്‍ സംവിധാനം കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ നടപ്പാക്കുന്നത് വാര്‍ഡ്തല നീരീക്ഷണ സമിതികളുടെ പിന്‍ബലത്തില്‍. പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിനുള്ള സൗകര്യം വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതുമുതല്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കുന്നതുവരെ നീളുന്നതാണ് ഇവരുടെ സേവനം.

കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ താമസിക്കുന്നവരെയും ബോധവത്കരിക്കുക, ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യ സേവനങ്ങളും ലഭ്യമാക്കുക, എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില വിലയിരുത്തി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരം നല്‍കുക തുടങ്ങി സുപ്രധാന ചുമതലകളാണ് സമിതി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആശാ വര്‍ക്കര്‍, അങ്കണവാടി അധ്യാപിക, ജനമൈത്രി പോലീസ് പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തക, റസിഡന്‍റ്സ് അസോസിയേഷന്റെയോ പ്രദേശവാസികളുടെയോ പ്രതിനിധി, പ്രദേശത്തെ സാമൂഹ്യസേവന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നിവരാണ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *