തിരുവനന്തപുരം : കേരളം പ്രവാസികളുടെ കൂടി നാടാണെന്നും അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിനു പുറത്തുണ്ട്. എല്ലാവര്‍ക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിന് വേണ്ടിവരും.
വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളില്‍ ആരും മുഴുകരുത്.