69000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും
തൃശൂര്‍ : കോവിഡ് 19 പശ്ചാത്തലത്തില്‍ നീട്ടിവെച്ച പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷകള്‍ ബുധനാഴ്ച (മെയ് 27) പുനരാംഭിക്കും. കര്‍ശന സുരക്ഷാമുന്‍കരുതലുകളോടെ നടത്തുന്ന പരീക്ഷയില്‍ ജില്ലയില്‍ 69000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. രാവിലെ 10 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ 9.30ന് തന്നെ ക്ലാസ് മുറികളില്‍ ഹാജരാകണം. ആദ്യ ദിനമായ ബുധനാഴ്ച പ്ലസ് വണ്‍ വിഭാഗത്തില്‍ മ്യൂസിക്, അക്കൗണ്ടന്‍സി, ജോഗ്രഫി, സോഷ്യല്‍ വര്‍ക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തില്‍ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് നടക്കുക. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ന് കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.
എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിലായി ജില്ലയില്‍ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 199 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നത്. 3648 ഇന്‍വിജിലേറ്റേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്, 1518 പേര്‍.
വിദ്യാര്‍ത്ഥികളെ മാസ്‌ക് ധരിച്ചല്ലാതെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ല.
മാസ്‌ക് ഇല്ലാത്തവര്‍ക്ക് സ്‌കൂളിലേക്കുള്ള പ്രവേശന കവാടത്തില്‍ വെച്ച് മാസ്‌ക് നല്‍കും. ആകെ ഒരു പ്രവേശന കവാടമായിരിക്കും ഉണ്ടാവുക. ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റുക. ഇതിന് പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കാന്‍ ചെയ്ത് അകത്തുകയറിയ വിദ്യാര്‍ത്ഥികളെ നല്ലവണ്ണം സോപ്പുപയോഗിച്ച് കൈകള്‍ കഴുകിച്ചതിനു ശേഷമായിരിക്കും ക്ലാസ്സിലേക്ക് കയറ്റുക. ക്ലാസ്സ് റൂമിലേക്ക് പ്രവേശിക്കുന്ന ഇന്‍വിജിലേറ്ററിന്റെ കൈയിലും സാനിറ്റൈസര്‍ ഉണ്ടാകും. അതുപയോഗിച്ച് ഒന്നുകൂടി അണുവിമുക്തമാക്കിയ ശേഷമായിരിക്കും പരീക്ഷ ആരംഭിക്കുക.
ആരോഗ്യപ്രവര്‍ത്തകരുടെ കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച രണ്ട് അദ്ധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൈയുറയും മാസ്‌ക്കും ധരിക്കണം. കുട്ടികള്‍ ഹാജര്‍ ഷീറ്റില്‍ ഒപ്പിടേണ്ടതിന് പകരം അധ്യാപകര്‍ കുട്ടികളുടെ ഹാജര്‍ അവരുടെ ഷീറ്റില്‍ രേഖപ്പെടുത്തും. വിദ്യാര്‍ഥികള്‍ തമ്മില്‍ പഠനോപകരണ സാമഗ്രികള്‍ കൈമാറാന്‍ അനുവദിക്കില്ല. 20 പേര്‍ ഒരു ബെഞ്ചില്‍ എന്ന നിലയിലാണ് ക്രമീകരണം. പരീക്ഷാഹാളില്‍ കുടിവെള്ളം സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ വീതവും പോലീസ് ക്യാമ്പില്‍ നിന്ന് ഒരാള്‍ വീതവും കൂടാതെ രണ്ട് ആശാ വര്‍ക്കര്‍മാരെയും നിയമിച്ചിട്ടുണ്ട്. പൊതുഗതാഗത്തിന് പരിമിതികളുള്ളതിനാല്‍ സ്‌കൂള്‍ബസുകളും മറ്റു സംവിധാനങ്ങളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം അനുവദിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷ മെയ് 26ന് ആരംഭിച്ചതിനാല്‍ കെ എസ് ആര്‍ ടി സി കളും ജില്ലയില്‍ കൂടുതലായി സര്‍വീസ് നടത്തുന്നുണ്ട്.