പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിൻറെ ഹർജിയിൽ അനിശ്ചിതത്വം അവസാനിക്കുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിൻറെ ഹർജിയിൽ അനിശ്ചിതത്വം അവസാനിക്കുന്നതായി സൂചന. സുപ്രീംകോടതി രജിസ്ട്രിയിൽ നിന്ന് കേരളത്തിൻറെ ഹർജിക്ക് നമ്പർ നൽകിയതോടെയാണ് അനിശ്ചിതത്വത്തിന് അയവ് വന്നത്. ഇതോടെ നിയമഭേദഗതിക്കെതിരായ ഹർജികളുടെ പട്ടികയിലേക്ക് കേരളത്തിൻറെ സ്യൂട്ട് ഹർജിയും എത്തുന്നു എന്നതാണ് പ്രത്യേകത. കേരളത്തിൻറെ ഹർജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ അടുത്തയാഴ്ച ഹർജി എത്തിയേക്കും. കേരളത്തിന്റെ ഹർജി ഇതുവരെ പിഴവുള്ള ഹർജികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കൂട്ടത്തിൽ കേരളത്തിൻറെ ഹർജി പരിഗണിച്ചിരുന്നില്ല. പിഴവുള്ള ഹർജികളുടെ പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടായിരുന്നു ഇത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്. തുല്യതക്കുള്ള അവകാശം നിഷേധിക്കുന്ന നിയമം വിവേചനപരവും ഭരണഘടനവിരുദ്ധമാണെും കേരളത്തിൻറെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കത്തിലും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിലും സുപ്രീംകോടതിക്ക് ഇടപെടാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 131-ാം അനുഛേദപ്രകാരമാണ് കേരളത്തിൻറെ സ്യൂട്ട് ഹർജി. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്ന പ്രത്യേകത കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *