ന്യൂഡൽഹി: കൊറോണ ട്രാക്കർ ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്ലിക്കേഷൻ പൊതുജനങ്ങൾ ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പോലീസ്. സ്മാർട്ട് ഫോൺ കയ്യിലുള്ളവർ നിർബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാർ ആപ്ലിക്കേഷൻ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്രസർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ലോക്ക് ഡൗൺ ഇളവിൽ റോഡിൽ ഇറങ്ങുന്ന എല്ലാവരെയും പരിശോധിക്കാൻ പോലീസിന് സാധിക്കില്ല. എന്നാൽ അതിർത്തിയിലും തെരുവുകളിലും പെട്ടന്ന് പരിശോധന നടത്താനാണ് തീരുമാനമെന്നും എസിപി വ്യക്തമാക്കി. വ്യക്തികളുടെ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗബാധിതനോ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. യൂസറിന്റെ സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനാവും. ആപ്ലിക്കേഷനിൽ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക് കാണിച്ചാൽ മാത്രമേ ഓഫീസിൽ ജോലിക്കെത്താവൂ. കൊറോണ വൈറസ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായി എന്നു കരുതുന്നവർക്ക് ആപ്ലിക്കേഷനിൽ ഹൈ റിസ്‌ക് എന്ന അലർട്ട് ലഭിക്കും. തുടർന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണം എന്നാണ് നിർദ്ദേശം.
ഐപിസി സെക്ഷൻ 188 പ്രകാരമാണ് ലോക്ക് ഡൗൺ നിയന്ത്രണം തെറ്റിക്കുന്നതിന് കേസ് ചുമത്തുക എന്നാണ് വിവരം. ഈ സെക്ഷൻ അനുസരിച്ച് ആറ് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കും.