ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യക്കാര്‍ക്കെതിരേയും കേസെടുത്തു. കേസ് ഓഗസ്റ്റ് പതിമൂന്നിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ പത്തിലേറെ തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. അപ്പോഴൊന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായിരുന്നില്ല. നേരത്തെ ജൂണ്‍ 10-ന് ഈ കേസ് പരിഗണിച്ചപ്പോള്‍ ബിഷപ്പ് ഹൗസ് ഉള്ള പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് അന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് തെളിഞ്ഞു. തന്റെ അഭിഭാകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നുമായിരുന്നു ഇത്തവണ പറഞ്ഞ കാരണം. അഭിഭാഷകന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചു. വിമാനടിക്കറ്റ് അടക്കമുള്ള തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കേസില്‍ ബിഷപ്പ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *