വോട്ടെണ്ണലിൽ കൃത്രിമവും, ക്രമക്കേടും നടത്തിയതിനു ഗുജറാത്തിലെ വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസമേയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. ഗുജറാത്തിലെ ധോൽക്ക നിയമസഭാ മണ്ഡലത്തിൽ 2017 ൽ നടന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടാണ് ഹൈക്കോടതി ശരിവെച്ചതെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു.
2017 ഡിസംബർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ധോൽക്ക നിയോജകമണ്ഡലത്തിൽ 327 വോട്ടിനാണ് ദൂപേന്ദ്രസിംഗ് വിജയിച്ചത്. ഇതിനെതിരെ എതിർ സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ, ദൂപേന്ദ്ര സിംഗ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർബന്ധിത നിർദ്ദേശങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് റാത്തോഡ് ഹർജി നൽകിയത്. ഇക്കാര്യങ്ങളാണ് കോടതി ശരിവച്ചത്. മണ്ഡലത്തിലെ 429 പോസ്റ്റൽ വോട്ടുകൾ റിട്ടേണിങ് ഓഫീസർ വിശദീകരണമില്ലാതെ റദ്ദാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 1,59,946 എന്നും വോട്ടെണ്ണലിന് ശേഷം പുറത്തുവന്ന അന്തിമ ഫല പ്രഖ്യാപനത്തിൽ 1,59,917 വോട്ടുകൾ എന്നുമാണ് റിട്ടേണിങ് ഓഫീസർ നൽകിയ വിവരം. ഇവ തമ്മിൽ 29 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നാണ് റാത്തോഡ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.