രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ലക്ഷ്യമിട്ട് മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് 19 നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമായി. ഡബ്ല്യു.എച്ച്. ഒ നിർദേശ പ്രകാരമുള്ള കേരളത്തിലെ ആദ്യ നെഗറ്റീവ് പ്രഷർ തീയേറ്ററാണിത്. വായുജന്യ രോഗക്കാർക്കും ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവർക്കും അനുയോജ്യമായ രീതിയിലാണ്
തീയറ്റർ സജ്ജീകരിച്ചിരിക്കുന്നത്.
വായു H13 /99.99ശതമാനം ശുദ്ധീകരിക്കാൻ കഴിയുന്ന ഹെപ്പാ ഫിൽറ്റർ സംവിധാനം ഉപയോഗിച്ച് ശുദ്ധ വായു തീയേറ്ററിലേക്ക് കടത്തിവിടുകയും ഡെക്ട് സംവിധാനമുള്ള എക്‌സ് ഹോസ്റ്റ് വഴി അകത്തുള്ള ഇൻഫെക്ടഡ് എയർ പുറത്തേക്ക് തള്ളുകയും ചെയ്യുന്നതാണ് പ്രവർത്തന രീതി. മണിക്കൂറിൽ 17 തവണ എയർ ചേഞ്ച് സാധ്യമാകും. 275 സി.എഫ്.എം (ക്യൂബിക്ഫൂട് പെർ
മിനിറ്റ് ), 35 മില്ലി മീറ്റർ ഓഫ് വാട്ടർ കോളം(35 mm wc)
തുടങ്ങിയവയാണ് തീയേറ്ററിനുള്ളിലെ നെഗറ്റീവ് പ്രഷർ.
എയർപോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് തീയറ്റർ
നിർമിച്ചിരിക്കുന്നത്. അനസ്‌തേഷ്യ, ബയോ മെഡിക്കൽ എഞ്ചിനീയറിങ് തുടങ്ങിയ വിഭാഗങ്ങളുടെ സാങ്കേതിക സഹായത്തോടെ കാസിൽ എഞ്ചിനീയറിങ് മങ്കടയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. നാല് ലക്ഷം രൂപയാണ് നിർമാണ
ചെലവ്.